ഒരു അത്ഭുത നിധി

പണ്ട്, ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ നിന്നും വിദ്യാർത്ഥികൾ അറിവ് തേടിയെത്തിയിരുന്ന നളന്ദ സർവ്വകലാശാലയുടെ കാലത്ത്, സത്യജിത്ത് എന്നൊരു ദരിദ്ര വിദ്യാർത്ഥി ജീവിച്ചിരുന്നു. വലിയ രഥങ്ങളിലും നിറയെ സ്വർണ്ണനാണയങ്ങളുമായും വന്നിരുന്ന സമ്പന്നരായ മറ്റ് വിദ്യാർത്ഥികളെപ്പോലെയായിരുന്നില്ല സത്യജിത്ത്. അവൻ്റെ കയ്യിൽ ദൃഢനിശ്ചയവും പഠിക്കാനുള്ള ആഗ്രഹവും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഒരിക്കൽ, അവൻ ഒരു ആൽമരച്ചുവട്ടിലിരുന്ന സമയം അവൻറെ ഗുരുവായ ആചാര്യ തദാഥൻ അവനോട് ചോദിച്ചു, "സത്യജിത്ത്, നിനക്കുള്ളതെല്ലാം നഷ്ടപ്പെട്ട ശേഷം, നീ എന്തായിരിക്കും കൊണ്ടു നടക്കുക?"

ചെറിയൊരു ചമ്മലോടെ സത്യജിത്ത് തിരിച്ചു ചോദിച്ചു, "അത് എൻ്റെ അറിവാണോ, ആചാര്യജി?"

ഗുരു പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു, "തീർച്ചയായും സത്യജിത്ത്. ഭൗതിക സമ്പാദ്യങ്ങൾ മോഷ്ടിക്കപ്പെടാം, വീടുകൾ തകർന്നുവീഴാം, എന്നാൽ നീ സമ്പാദിക്കുന്ന അറിവ് മാത്രമാണ് ജീവിതത്തിൽ നീ എവിടെ യാത്ര ചെയ്താലും നിൻറെ പുറകെ നടക്കുന്ന ഒരേയൊരു നിധി."

തലമുറകൾ കഴിഞ്ഞുപോയി, രാജ്യങ്ങൾ വന്നുപോയി, എന്നാൽ ഒരുകാലത്ത് ദരിദ്ര വിദ്യാർത്ഥിയായിരുന്ന സത്യജിത്ത് ഇപ്പോൾ ജ്ഞാനിയായ ഒരു രാജഗുരുവും ഉപദേഷ്ടാവുമായി മാറി, നളന്ദയിൽ നിന്ന് നേടിയ അറിവിൻ്റെ സമ്പത്തുകൊണ്ട് അവൻ അനേകരെ സഹായിച്ചു.

അക്കാലത്ത് സാധാരണക്കാർ പലപ്പോഴും പറയുമായിരുന്നു:
"വിദ്യ, അത് ഉടമയെ എല്ലായിടത്തും പിന്തുടരുന്ന ഒരു അത്ഭുത നിധിയാണ്."