ചലനാത്മക ശരീരം, നിശ്ചല മനസ്സ്

പാലക്കാട്ടിലെ ചിറ്റൂരിൽ, ശാന്തമായി ഒഴുകുന്ന ശോകനാശിനിപ്പുഴയുടെ തീരത്ത് ജീവിച്ചിരുന്ന ലക്ഷ്മി ഉത്തരവാദിത്തമുള്ള ഒരു വീട്ടമ്മയായി അക്ഷീണം പ്രയത്നിച്ചിരുന്നു. പുലർച്ചെ മുതൽ വൈകുന്നേരം വരെ അവൾ പാചകം ചെയ്തു, വൃത്തിയാക്കി, തൻ്റെ വീട് പരിപാലിച്ചു. പക്ഷേ, ദൈനംദിന ജീവിതത്തിൻ്റെ തിരക്കിനിടയിൽ അവളുടെ മനസ്സിന് ഒരിക്കലും ശാന്തി ലഭിച്ചില്ല.

ഒരു സായാഹ്നത്തിൽ, ക്ഷീണിതയായ അവൾ പുഴയോരത്ത് നടക്കുമ്പോൾ, ഒരു വലിയ ആൽമരത്തിൻ കീഴിൽ ധ്യാനിക്കുന്ന ഗുരു മണിജിയെ കണ്ടു. അദ്ദേഹം ഒരു വലിയ യോഗാചാര്യനായിരുന്നു.

കൗതുകത്തോടെ അവൾ അദ്ദേഹത്തെ സമീപിച്ചു. "ഗുരുജി, ഞാൻ ദിവസം മുഴുവൻ ജോലി ചെയ്യുന്നു. എൻ്റെ ശരീരം എപ്പോഴും ചലനത്തിലാണ്, പക്ഷേ എൻ്റെ മനസ്സ് അസ്വസ്ഥമായി തോന്നുന്നു. ഞാൻ എങ്ങനെയാണ് സന്തുലിതാവസ്ഥ കണ്ടെത്തുക?"

ഗുരു മണിജി പുഞ്ചിരിച്ചുകൊണ്ട് ലക്ഷ്മിക്ക് ഒരു മൺകലം കൈയിലേൽപിച്ചിട്ട്, പുഴയിൽ നിന്ന് അത് നിറച്ച് തിരിച്ചു ഒരു തുള്ളി പോലും താഴെ ചിന്താതെ മടങ്ങാൻ ആവശ്യപ്പെട്ടു.

ലക്ഷ്മി ശ്രദ്ധയോടെ മുന്നോട്ട് നടന്നു, അവളുടെ കണ്ണുകൾ പാത്രത്തിൽ ഉറപ്പിച്ചു. ഓരോ ചുവടിലും, അവൾ ഇലകൾ അനങ്ങുന്നതും, പക്ഷികൾ ചിലയ്ക്കുന്നതും, ഒഴുകുന്ന പുഴയും അവഗണിച്ചു - അവളുടെ മനസ്സ് പാത്രത്തിൽ മാത്രം ശ്രദ്ധിച്ചിരുന്നു.


അവൾ തിരിച്ചെത്തിയപ്പോൾ, ഗുരു മണിജി ചോദിച്ചു, "വരുന്ന വഴിയിൽ നിങ്ങൾ എന്താണ് ശ്രദ്ധിച്ചത്?"

അവൾ ആലോചിച്ചിട്ട് പറഞ്ഞു "ഒന്നുമില്ല, ഗുരുജി. ഞാൻ വെള്ളത്തിൽ മാത്രം ശ്രദ്ധിച്ചു."

ഗുരു തലയാട്ടി. "അതാണ് പ്രധാനം. നിങ്ങളുടെ ശരീരം ചലനത്തിലായിരിക്കാം, പക്ഷേ നിങ്ങളുടെ മനസ്സ് ശാന്തമായിരിക്കണം."